കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ് ഖലി ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍ നിന്നാണ് ഷാജഹാനെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് ഉച്ചയ്ക്ക് ബാസിര്‍ഘട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുമാരോപിച്ച് സന്ദേശ് ഖലിയില്‍ ഗ്രാമീണര്‍ ഏതാനും ദിവസങ്ങളായി കടുത്ത പ്രതിഷേധത്തിലായിരുന്നു. ജോലി ചെയ്യിച്ച ശേഷം കൂലി നല്‍കാതെ മര്‍ദ്ദിക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് സ്ത്രീകൾ ഉന്നയിച്ചിരുന്നത്.
കഴിഞ്ഞ ഒരുമാസത്തോളമായി ബംഗാള്‍ പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും കണ്ണുവെട്ടിച്ച് ഷാജഹാന് ഷെയ്ഖ് ഒളിവിലായിരുന്നു. മമത ബാനര്‍ജി സര്‍ക്കാര്‍ ഷാജഹാനെ സംരക്ഷിക്കുകയാണെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികൾ ആരോപിച്ചിരുന്നു.
ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
Discussion about this post