ഡൽഹി : ജാർഖണ്ഡിലെ ട്രെയിൽ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം അറിയിച്ചു.ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോട് താൻ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, അപകടത്തിൽ പരിക്കേറ്റവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നുമാണ് രാഷ്ട്രപതി എക്‌സിൽ പോസ്റ്റ് ചെയ്‌തത്.
‘പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ കൂടെയാണ് എന്‍റെ ചിന്തകൾ’ എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതേ സമയം ട്രെയിൻ അപകട വാർത്തയിൽ വളരെ ദുഃഖമുണ്ടെന്നും മരണപ്പെട്ടവരുടെ ആത്മാവിന് ദെെവം ശാന്തി നൽകട്ടെയെന്നുമാണ് സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇന്നലെ രാത്രിയാണ് ജാർഖണ്ഡിലെ ജാംതാര-കർമാതന്ദ് കൽജാരിയ റെയിൽവേ ക്രോസിന് സമീപം ട്രെയിനിടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.
ഭഗല്‍പൂരില്‍ നിന്ന് യശ്വന്ത്പൂരിലേക്ക് പോകുകയായിരുന്ന അംഗ് എക്സ്പ്രസ് സാങ്കേതിക കാരണങ്ങളാല്‍ കല്‍ജാരിയയില്‍ നിര്‍ത്തിയപ്പോള്‍ ആളുകള്‍ ഇറങ്ങിയതാണ് അപകടമുണ്ടാക്കിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ മറ്റൊരു ട്രാക്കില്‍ കൂടി വരികയായിരുന്ന ഝാ-അസാന്‍സോള്‍ ട്രെയിനിടിച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പൊലീസും,റെയിൽവേ ഉദ്യോഗസ്ഥരും, ജില്ല ഭരണകൂട സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ ശശി ഭൂഷൺ മെഹ്‌റ പറഞ്ഞു. കല്‍ജാരിയ റെയിൽവേ ക്രോസില്‍ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങി പാളത്തിലൂടെ നടക്കവേ മറ്റൊരു ലോക്കൽ ട്രെയിന്‍ ഇടിച്ചാണ് യാത്രക്കാർ മരിച്ചതെന്ന് സബ് ഡിവിഷണൽ ഓഫിസർ അനന്ത് കുമാർ പറഞ്ഞു.
Discussion about this post