ബെംഗളൂരു : കോൺഗ്രസ് എം പി ഡി കെ സുരേഷിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം ഗ്രാന്‍റ് അനുവദിക്കുന്നതിലെ അനീതിയുടെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ നിർബന്ധിതരാകുമെന്ന എം പി ഡി കെ സുരേഷിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ധനകാര്യ കമ്മീഷനെ അനുസരിക്കുകയെന്നല്ലാതെ കേന്ദ്ര സർക്കാരിന് ഇതിൽ ഒരു പങ്കും വഹിക്കാനില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. സംസ്ഥാനങ്ങൾ കമ്മീഷനൊപ്പം നിൽക്കണമെന്നും ഗ്രാന്‍റുകൾ ലഭിക്കാൻ സഹായിക്കുന്ന വെയിറ്റേജ് ഉയർത്തിക്കാട്ടണമെന്നും സീതാരാമൻ പറഞ്ഞു. നിങ്ങൾക്ക് പ്രതിമാസം ഇത്രയും തുക നൽകണമെന്ന് ധനകാര്യ കമ്മീഷണർ എന്നോട് പറഞ്ഞാൽ, ഞാൻ അത് ചെയ്യണം. ഏതെങ്കിലും ധനമന്ത്രിക്ക് അത് ഏതെങ്കിലും സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റാൻ കഴിയില്ലയെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു
“നിങ്ങൾക്ക് എം പി സുരേഷ് എന്ന ഉത്തരവാദപ്പെട്ട ഒരു പാർലമെന്‍റ് അംഗം ഉണ്ട്, കർണാടക ഉപമുഖ്യമന്ത്രിയുടെ സഹോദരൻ. അദ്ദേഹം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രത്യേക രാജ്യമാക്കും എന്നാണ് പറയുന്നത്. എന്നാല്‍ എനിക്ക് ആ തീരുമാനത്തോട് യോജിച്ചിക്കാനാവില്ല” എം പി സുരേഷിന്‍റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായി മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൂചികയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിർമല സീതാരാമൻ അഭിനന്ദിച്ചു. മാത്രമല്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ധനകാര്യ കമ്മീഷനൊപ്പം ചർച്ചയ്ക്ക് ഇരിക്കുമ്പോൾ, അവരുടെ ആവശ്യങ്ങളും വെയിറ്റേജുകളും ഉയർത്തിക്കാട്ടുകയും സംസാരിക്കുകയും ചെയ്യണമെന്നും അവർ അറിയിച്ചു.
കേന്ദ്ര സർക്കാരിൻറെ ‘അനീതി’ തിരുത്തിയില്ലെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ നിർബന്ധിതരാകുമെന്ന് ഈ മാസം ആദ്യം, ബെംഗളൂരു റൂറൽ എം പി സുരേഷ് പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതി ഉത്തരേന്ത്യയിലേക്ക് വിതരണം ചെയ്യുന്നുണ്ടെന്നും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post