റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ മോശമായി പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടി. മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം നടത്തിയതിന് താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതോടെ വ്യാഴാഴ്ച അല്‍ ഹസ്മിനെതിരെയുള്ള മത്സരം ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമാകും.
വിലക്ക് കൂടാതെ പിഴയടക്കാനും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശമുണ്ട്. 10000 സൗദി റിയാലാണ് പിഴ ചുമത്തിയിരിക്കുന്നത്. നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് നടപടിക്ക് ആസ്പദമായ സംഭവം. അല്‍ ശബാബിനെതിരേ ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ 3-2ന് വിജയിച്ചിരുന്നു. പിന്നാലെ ഗാലറിയില്‍നിന്ന് ക്രിസ്റ്റ്യാനോയ്ക്ക് നേരെ ‘മെസ്സി മെസ്സി’ വിളികൾ ഉയന്നത്തോടെ, പ്രകോപിതനായ താരം അവര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ചെവിക്ക് പിന്നില്‍ കൈപ്പിടിച്ചും അരഭാഗത്ത് കൈകൊണ്ട് ആവര്‍ത്തിച്ച് ആംഗ്യം കാണിച്ചുമാണ് ക്രിസ്റ്റ്യാനോ അവരെ നേരിട്ടത്.
ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ വിവാദമാവുകയും ക്രിസ്റ്റിയാനോയുടെ പ്രവൃത്തി അശ്ലീലം നിറഞ്ഞതാണെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെയാണ് നടപടിയുണ്ടായത്. സൗദി പ്രോ ലീഗിൽ വ്യാഴാഴ്ചയാണ് അൽ നസ്റിന്റെ അടുത്ത മത്സരം. അതിനു മുൻപ് റൊണാൾഡോയ്ക്കെതിരായ അന്വേഷണം പൂർത്തിയാക്കും.
Discussion about this post