ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത അറിയിച്ചിരിക്കുകയാണ് താരങ്ങൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാകുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
നേരത്തെ തന്നെ ചില ബോളിവുഡ് മാധ്യമങ്ങൾ ദീപിക ഗർഭിണിയാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ സെപ്റ്റംബറിൽ കുഞ്ഞെത്തുമെന്നാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങളാണ് പോസ്റ്റിനു ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിൽ പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖർജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. വയറു മറച്ചു പിടിച്ച ദീപിക ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ഇതോടെയാണ് ശക്തമായത്.
താനും രൺവീറും തങ്ങളുടേതായ ഒരു കുടുംബം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്ന് ദീപിക അടുത്തിടെ വോഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

