മലപ്പുറം: താനൂരിൽ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിന്റെ മൃതദേഹം യുവതി വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് കുഴിച്ചിട്ടിരുന്നത്. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും, പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തുവെന്ന് യുവതി മൊഴി നൽകി. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഇതിനിടെ വീണ്ടും കുഞ്ഞുണ്ടായെന്നും ഇത് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ഫെബ്രുവരി 26-നാണ് താനൂര്‍ ഒട്ടുംപുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. പ്രസവത്തിന് ശേഷം യുവതി സ്വന്തം വീട്ടില്‍ തിരികെയെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് നല്‍കുന്നവിവരം. തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടത്തിയത്.
യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജുമൈലത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്.
Discussion about this post