കഴക്കൂട്ടം: കേരള യൂനിവേഴ്സിറ്റിയുടെ കാര്യവട്ടം കാംപസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്ന് ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലിസും അഗ്നിരക്ഷാ സേനാംഗങ്ങളും അസ്ഥികൂടം പുറത്തെടുത്തത്.
ഇന്നലെയാണ് കാര്യവട്ടം കാംപസിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. കാംപസിലെ ജീവനക്കാര്‍ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പോലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലം സീല്‍ ചെയുകയായിരുന്നു.
20 അടി താഴ്ചയിലാണ് അസ്ഥികൂടം ഉണ്ടായിരുന്നതെന്നതിനാല്‍ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ശേഷം ഇന്ന് രാവിലെ പോലിസും അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കെത്തിയിരുന്നു.
Discussion about this post