മുംബൈ: കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ ഗുളിക. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഗുളിക വികസിപ്പിച്ചത്. വെറും നൂറു രൂപയ്ക്ക് കാന്‍സര്‍ പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. രാജേന്ദ്ര ബദ് വേ വ്യക്തമാക്കി.
പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് കാന്‍സര്‍ പ്രതിരോധ മരുന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. കാന്‍സര്‍ ചികിത്സ രംഗത്ത് ഇതു വലിയൊരു മുന്നേറ്റമായിരിക്കുമെന്നും ഡോ. രാജേന്ദ്ര പറഞ്ഞു. ഈ ഗുളിക ഉപയോഗിക്കുന്നതിലൂടെ റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങള്‍ പകുതിയായി കുറയ്ക്കാനാകുമെന്നും രോഗം വീണ്ടും വരുന്നതിനെ 30 ശതമാനം വരെ പ്രതിരോധിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പാന്‍ക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും ഗവേഷകര്‍ പറയുന്നു.
കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്‌സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്‌സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടുവെന്നും. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയരകായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

