ഹിമാചല്‍ പ്രദേശ് : ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാർക്കെതിരെ കടുത്ത നടപടിയുമായി സ്‌പീക്കര്‍. ആറ് എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കി. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീവർക്കെതിരെയാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു.
68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 40, ബിജെപി 25, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേര്‍ വീതമായി. ആറ് പേരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സര്‍ക്കാരിന് ആശ്വാസമാണ്. അതേസമയം, ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 31 എംഎല്‍എമാരാണ് പങ്കെടുത്തത്. മൂന്ന് പേര്‍ വിട്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍ററി കാര്യ മന്ത്രി കത്ത് നൽകിയിരുന്നു. ഇതുപ്രകാരം അയോഗ്യരാക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണമെന്ന് സ്‌പീക്കര്‍ ആറ് എംഎല്‍എമാരെയും മുന്‍കൂട്ടി അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഏഴ് ദിവസത്തെ സമയം എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമയം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതിന് പിന്നാലെയാണ് അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.
അതേ സമയം ബാക്കിയുള്ള എംഎൽഎമാരെ കൂടെ നിര്‍ത്താൻ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു ഷിംലയില്‍ യോഗം വിളിച്ച് ചേർത്തു. എഐസിസി നിരീക്ഷകർ കോണ്‍ഗ്രസ് അധ്യക്ഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
Discussion about this post