മുംബൈ: ഇന്റല്‍ ഇന്ത്യയുടെ മുന്‍ മേധാവി അവതാർ സൈനി വാഹനാപകടത്തില്‍ മരിച്ചു. നവി മുംബൈയിലെ പാം ബീച്ച് റോഡില്‍ വെച്ച് ഇന്നലെ പുലർച്ചെ 5.50നായിരുന്നു അപകടം. സൈനി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ അതിവേഗമെത്തിയ ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
അപകടമുണ്ടായ ഉടന്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ച കാര്‍ഡ്രൈവരെ സൈനിക്കൊപ്പമുണ്ടായിരുന്നവരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സൈനിയുടെ സൈക്കിള്‍ കാറിനടിയില്‍ കുടുങ്ങുകയും അദ്ദേഹത്തെ കുറച്ചു ദൂരം വലിച്ചിഴക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തോടൊപ്പം മറ്റ് സൈക്കിളുകളിലുണ്ടായിരുന്നവരില്‍ ഒരാള്‍ പറഞ്ഞു. കാര്‍ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്റലിന്റെ പെന്റിയം പ്രൊസസറിന്റെ രൂപകല്‍പനയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അവ്താര്‍ സൈനി. രാജ്യത്തെ കമ്പനിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച വ്യക്തി. 1982 മുതല്‍ 2004 വരെ ഇന്റല്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

