തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരന്റെയും പേരാണ് പട്ടികയിലുള്ളത്. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകളാണ് പട്ടികയിലുള്ളത്. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുന്നത്.
കോൺഗ്രസ് നിലപാട്, വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നാണ്. ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി ആലപ്പുഴയിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഹൈക്കമാൻഡ് ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചിട്ടില്ല.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിലേക്ക് ഇല്ലെന്ന് സുധാകരൻ അറിയിച്ചത്.

