ന്യൂഡല്‍ഹി: വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് യാത്രകാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. സംഭവത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം വിലയിരുത്തിയതിനുശേഷം എയര്‍ ഇന്ത്യ കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്.
ഫെബ്രുവരി 16-നായിരുന്നു മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് നടന്നുപോയ 80 വയസ്സുകാരന്‍ കുഴഞ്ഞ് വീണു മരിച്ചത്.
ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് വൃദ്ധദമ്പതികൾ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇരുവരും വീൽചെയറിനായി നേരത്തെ ബുക്ക് ചെയ്തിരുന്നുവെങ്കിലും, മരിച്ച യാത്രകാരന്റെ ഭാര്യയ്ക്ക് മാത്രമാണ് വീല്‍ചെയര്‍ നല്‍കിയിരുന്നു. കൂടുതല്‍ വീല്‍ചെയറുകള്‍ ആവശ്യമായി വന്നതിനാല്‍ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ അദ്ദേഹത്തോട് കാത്തുനില്‍ക്കുവാന്‍ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇതിന് തയ്യാറാവാതെ അദ്ദേഹം ഭാര്യയോടൊപ്പം നടക്കുകയായിരുന്നുവെന്നാണ് എയര്‍ലൈന്‍ നല്‍കിയ വിശദീകരണം.

