ന്യൂഡല്‍ഹി: രാജ്യത്തുടനീളം വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 75000 കോടി രൂപയുടെ പദ്ധതിയാണിത്. ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് സിസ്റ്റത്തിന് 30000 രൂപ സബ്‌സിഡിയായി ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തതത്.
ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ് പിഎം സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന. മേല്‍ക്കൂരയില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സോളാര്‍ റൂഫ് പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വൈദ്യുതി ബില്‍ കുറയ്ക്കുമെന്നും ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നുമാണ് മോദി പറഞ്ഞത്.
Discussion about this post