തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിൽ നിന്ന് 4000 കോടി അധിക വിഹിതമെത്തിയത്തോടെ കേരളത്തിലെ ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് കരകയറി. ഇതോടെ ശമ്പളവും പെന്‍ഷനും നല്‍ക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
ഇതിനു പുറമെ 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട വിഹിതം നല്‍ക്കുന്നില്ലെന്നും അതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടിയതെന്നും ധനമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേസ് സുപ്രീംകോടതി വരെ എത്തിയിരുന്നു. തുടർന്ന് സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മോദിസര്‍ക്കാരിന്റെ വിഹിത വിതരണം. ധനസഹായം ലഭിച്ചതോടെ കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായിരിക്കുകയാണ്.
അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് പലിശ കൂട്ടിയത്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഇന്നു മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും.
Discussion about this post