കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റിൽ അട്ടിമറി. പരാതി ഉയർന്നതോടെ ഫെബ്രുവരി 26, 27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടിക പിഎസ്സി പിൻവലിച്ചു. എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരും തോറ്റവരും വരെ ഷോർട്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗാർഥികൾ പരാതിപ്പെട്ടതോടെ 28നാണ് ലിസ്റ്റ് പിൻവലിച്ചത്.
സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണ് കായികക്ഷമതാ പരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണ് തോറ്റവരെയും ഉൾപ്പെടുത്തിയത്. സാധാരണഗതിയിൽ പകുതിപ്പേർ പോലും പാസാകാത്ത കടുപ്പമേറിയ പരീക്ഷയിൽ, 78% വിജയം രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഒരു വിഭാഗം ഉദ്യോഗാർഥികളിൽ സംശയം ജനിപ്പിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായി. രണ്ടു വിഭാഗങ്ങളിലെ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികൾ എഴുത്തു പരീക്ഷ പാസായാൽ രണ്ടു ലിസ്റ്റിലും ഉൾപ്പെടും. ഇവർ ഒറ്റ കായികപരീക്ഷയിൽ പങ്കെടുത്താൽ മതി. എന്നാൽ ഇങ്ങനെയുള്ള ചിലർ രണ്ടു പട്ടികയിലും വരുന്നതിനു പകരം ഒരു പട്ടികയിൽ മാത്രമേ ഉൾപ്പെട്ടുള്ളൂ. ഈ പൊരുത്തക്കേടും ലിസ്റ്റിലെ പിഴവിനു തെളിവായി. കായികപരീക്ഷയിൽ പങ്കെടുക്കാതെ തന്നെ പട്ടികയിൽ ഉൾപ്പെട്ടവരുടെ റജിസ്റ്റർ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെയാണ് പിഎസ്‌സി പട്ടിക പിൻവലിച്ചത്.
എന്നാൽ പട്ടിക അപ്‍ലോഡ് ചെയ്തപ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണെന്നും മനസ്സിലായ ഉടൻ പിൻവലിച്ചുവെന്നുമാണ് പിഎസ്‍സിയുടെ വിശദീകരണം. തിരുത്തിയതിനു ശേഷം പുനഃപ്രസിദ്ധീകരിക്കുമെന്നും പിഎസ്‍സി അറിയിച്ചു.
Discussion about this post