ഡൽഹി: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
20 ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. ഇതേ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയതിന് അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്ന് പേരെ കണ്ടെത്തുന്നത്. പ്രതികളിൽ രണ്ട് പേർ കുട്ടിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും മൂന്നാമൻ ഉത്തർപ്രദേശ് സ്വദേശിയാണെന്നും പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

