തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നെടുമങ്ങാട്ടെ വീട്ടിലെത്തിയ അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും ഗവർണർ അറിയിച്ചു.
യുവാക്കൾക്ക് കേരളത്തിൽ അക്രമത്തിന് പരിശീലനം നൽകുന്നു. മുതിർന്ന നേതാക്കൾ ഇതിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്ന് ഗവർണർ പറഞ്ഞു. ടി.പി ചന്ദ്രശേഖരൻ വധക്കേസ് ഇതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കളെയാണ് കോടതി കേസിൽ ശിക്ഷിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സമൂഹം മാറി ചിന്തിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ അമ്മയുടെ അവസ്ഥ നോക്കൂ. അവരുടെ സഹോദരന്റെ കാര്യ ആലോചിക്കൂ. തന്റെ മനസ്സ് അവരോടൊപ്പമുണ്ടെന്നും ഗവർണർ പറഞ്ഞു. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുക. ഒരു വിഷയം ഉണ്ടാകുമ്പോൾ മാത്രമാണ് നാം സഹതപിക്കുന്നത്. ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കും ചിലപ്പോൾ പശ്ചാത്താപമുണ്ടായേക്കാമെന്നും ഗവർണർ പറഞ്ഞു.
യുവാക്കളെ താൻ കുറ്റപ്പെടുത്തില്ല. കാരണം, ഇവർ മറ്റുള്ളവരുടെ കൈയ്യിലെ വെറും കരുക്കളാണ്, പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകും, ഇതോടെയാണ് ഇവർക്ക് രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടി വരുന്നതെന്നും ഗവർണർ വ്യക്തമാക്കി.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. സംഭവത്തിൽ എസ്എഫ്ഐ യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുൺ എന്നിവർ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post