തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
എംഎല്‍എ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ആയതിനാല്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ബിജെപി നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
കെപിസിസി സംഘടിപ്പിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്. മുൻ എംഎൽഎ കൂടിയായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിക്കുകയായിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വലിയ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു.
Discussion about this post