ഡൽഹി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ എസ്എഫ്ഐ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആണ് ദാരുണമായ സംഭവം നടന്നത്. ജോഡോ യാത്ര എന്ന് പറയുന്ന രാഹുൽ വയനാട് പോകണമെന്നും മണ്ഡലത്തിലെ കുട്ടികളെ സംരക്ഷിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് രാജീവ് പറഞ്ഞു. ഇത് എല്ലാവര്ക്കും അപമാനമാണ്. നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണം എങ്കിൽ മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം താൻ എവിടെ മത്സരിക്കണമെന്ന് തൻ്റെ നേതാക്കൾ തീരുമാനിക്കുമെന്നും ഏത് സംസ്ഥാനവും ഒരു പോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ അസാധ്യം എന്ന് കരുതിയ കാര്യങ്ങളെല്ലാം സാധ്യമാക്കിയെന്നും ജിഡിപി വളര്‍ച്ച തന്നെ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലമായിരുന്നു യുപിഎ കാലം. യുപിഎ ഭരണത്തിൽ ചങ്ങാത്ത മുതലാളിത്തം അടക്കമുള്ളവ ഇന്ത്യയുടെ വികസനം മുടക്കിയെന്നും ഇപ്പോള്‍ അമേരിക്കയിൽ ബാങ്കുകൾ തകരുമ്പോൾ ഇന്ത്യയിൽ ബാങ്കുകൾ നല്ല പ്രകടനം കാഴ്ചവെയ്ക്കുകയാണെന്നും അദ്ദേഹമ വ്യക്തമാക്കി.
Discussion about this post