തിരുവനന്തപുരം: വർക്കലയിലുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളടക്കം മുപ്പതോളം പേരെയാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അൽഫാം ഉൾപ്പെടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്.
സംഭവത്തെ തുടർന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെയും നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി. ആഴ്ച്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റെസ്റ്റോറന്റിൽ നിന്നും പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഹോട്ടൽ സീൽ ചെയ്തു.
Discussion about this post