പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തെ കുറിച്ച് അറിഞ്ഞാൽ സാമൂഹ്യ പരിഷ്കർത്താവായ രാജാ റാം മോഹൻ റോയിയുടെ ആത്മാവ് കരയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂഗ്ലി ജില്ലയിലെ ആരംബാഗ് ഏരിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സന്ദേശ്ഖാലിയുടെ സഹോദരിമാരോട്.. തൃണമൂൽ കോൺഗ്രസ് ചെയ്തത് രാജ്യം കാണുന്നു, രാജ്യം മുഴുവൻ രോഷാകുലരാണ്, സംഭവിച്ചത് അറിഞ്ഞാൽ രാജാ റാം മോഹൻ റോയിയുടെ ആത്മാവ് കരയും.
സന്ദേശ്ഖാലിയിൽ, ഒരു ടിഎംസി നേതാവ് എല്ലാ പരിധികളും ലംഘിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇവിടുത്തെ സ്ത്രീകളുടെ ബഹുമാനത്തിനും അന്തസ്സിനും വേണ്ടി പോരാടി. ഇന്നലെ പോലീസിന് അദ്ദേഹത്തെ (ഷെയ്ഖ് ഷാജഹാൻ) അറസ്റ്റ് ചെയ്യേണ്ടിവന്നു’ പ്രധാനമന്ത്രി പറഞ്ഞു.
സന്ദേശ്ഖാലി വിഷയത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണമില്ലെന്നും നരേന്ദ്രമോദി ആരോപിച്ചു. ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന തൃണമൂൽ എംപി ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തത് അധികാരികളിൽ ബിജെപി ചെലുത്തിയ സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

