റിസർവ് ബാങ്ക് വിലക്ക് നേരിടുന്ന ഫിൻടെക് ആപ്പായ പേടിഎമ്മിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎം പേയ്‌മെന്റ്സിന് 5.49 കോടി രൂപ പിഴ ചുമത്തി. ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പേടിഎമ്മിന് നിർദേശം നൽകി ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി. ഇടപാടുകൾ നിർത്താനുള്ള കാലാവധി മാർച്ച് 15 വരെ നീട്ടി നൽകിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ്
ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പേടിഎം പങ്കാളിയായതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയെന്ന് ഫിനാൻഷ്യൻർ ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്കിലെ ഈ പിഴയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം കള്ളപ്പണം തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ ലംഘിച്ച് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ് ചില സ്ഥാപനങ്ങൾ ഇത്തരം ഫണ്ടുകൾ വഴിതിരിച്ചുവിട്ടതെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ വ്യക്തമാക്കി.
യുപിഐ പ്രവർത്തിപ്പിക്കാൻ പേടിഎമ്മിന് ആർബിഐ-യുടെ ഈ ഉപദേശം
യഥാർത്ഥത്തിൽ, യുപിഐ സേവനങ്ങൾക്ക് പേടിഎം പേയ്‌മെൻ്റുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അത് മാർച്ച് 15-ന് ശേഷം പ്രവർത്തിക്കില്ല. ഈ സേവനം തുടരണമെങ്കിൽ ഉപഭോക്താക്കളും വ്യാപാരികളും അവരുടെ പേടിഎം യുപിഐ മറ്റേതെങ്കിലും ബാങ്കുമായി ലിങ്ക് ചെയ്യേണ്ടിവരും. ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ ആർബിഐ അടുത്തിടെ പുറത്തിറക്കി.
പേടിഎം പേയ്‌മെൻ്റ് ബാങ്കുമായി യുപിഐ ഹാൻഡിൽ ലിങ്ക് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും മാത്രമായിരിക്കും UPI ഹാൻഡിൽ മൈഗ്രേഷൻ എന്ന് ആർബിഐ അറിയിച്ചു. പേടിഎം പേയ്മന്റ്സ് ബേങ്ക് പുതിയ ഇടപാടുകാരെ ചേർക്കുന്നതും വായ്പ നൽകുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തടഞ്ഞിരുന്നു. ബേങ്കിന്റെ കെവൈസി പ്രക്രിയകളിലെ ക്രമക്കേടുകളെ തുടർന്നായിരുന്നു ഈ നിരോധനം ഏർപ്പെടുത്തിയത്.
പേടിഎം
2017ലാണ് പേടിഎം പേയ്‌മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. രാജ്യത്തെ യുപിഐ പേയ്‌മെന്റുകൾക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം. 1.6 ബില്യൺ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയാണ് ഈ രംഗത്തെ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് കമ്പനികൾ.
Discussion about this post