ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും താരം മത്സരിക്കുമെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് വാർത്തകൾ നിഷേധിച്ച് യുവരാജ് സിംഗ് രംഗത്തെത്തിയത്. രാഷ്ട്രീയത്തിലേക്ക് കടക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു വി ക്യാൻ എന്ന തൻ്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കാനാണ് ആഗ്രഹമെന്നും അത് തുടരുമെന്നും യുവരാജ് സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ് സിംഗ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
‘ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. വിവിധ തലത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എൻ്റെ അഭിനിവേശം, യു വി ക്യാൻ എന്ന എൻ്റെ ഫൗണ്ടേഷനിലൂടെ ഞാൻ അത് തുടരും. നമുക്ക് ഒരുമിച്ച് മികച്ച രീതിയിൽ ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം’ എന്നാണ് യുവരാജ് സിംഗ് എക്സിൽ കുറിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് യുവരാജ് സിംഗ്. 2007 ലെ ടി 20 ലോകകപ്പിൽ ഒരൊറ്റ ഓവറിൽ തുടർച്ചയായി ആറ് സിക്‌സറുകളും വെറും 12 പന്തിൽ ഏറ്റവും വേഗതയേറിയ ടി 20 ഐ ഫിഫ്റ്റി റെക്കോർഡ് ചെയ്‌തതും ക്രിക്കറ്റ് ഇതിഹാസങ്ങളിൽ അദ്ദേഹത്തിൻ്റെ പേര് പതിഞ്ഞ നേട്ടങ്ങളാണ്. ഇന്ത്യയുടെ 2011 ലെ ഐസിസി ലോകകപ്പ് വിജയത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.
ക്യാൻസറുമായുള്ള യുവരാജിൻ്റെ പോരാട്ടവും 2012-ൽ ക്രിക്കറ്റിലേക്കുള്ള വിജയകരമായ തിരിച്ചുവരവും ആർക്കും മറക്കാനാകില്ല. 2019 ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ശേഷം കാൻസർ രോഗികളെ പിന്തുണയ്‌ക്കുന്നതിനും അവബോധം വളർത്തുന്നതിനും യുവരാജ് തൻ്റെ ചാരിറ്റിയായ യു വി ക്യാൻ വഴി സേവനം നടത്തിവരികയാണ്.
Discussion about this post