തിരുവനന്തപുരം: സിദ്ധാർഥനെതിരേ പരാതി നൽകിയ പെൺകുട്ടിക്കെതിരെ കുടുംബം. പെൺകുട്ടിയേയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിദ്ധാർഥനെതിരേ പെൺകുട്ടി നൽകിയ പരാതി വാസ്തവമാണോ എന്ന് അറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഫെബ്രുവരി 14-ന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ പരാതി നൽകുന്നത് 18-നാണ്. അത്തരത്തിൽ ഒരു പരാതി ഉണ്ടായിരുന്നെങ്കിൽ അന്ന് തന്നെ നൽകാമായിരുന്നുവെന്നും വേണ്ട നടപടികൾ അന്ന് തന്നെ സ്വീകരിക്കാമായിരുന്നുവെന്നും സിദ്ധാർഥന്റെ പിതാവ് കുറ്റപ്പെടുത്തി.പെൺകുട്ടിയുടെ പേര് കോളേജ് അധികൃതർക്ക് അറിയാം. എന്നാൽ ഇത് വെളിപ്പെടുത്താൻ കോളേജ് മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ലെന്നും മാധ്യമങ്ങൾ കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു.
അതേ സമയം എസ്.എഫ്.ഐക്കെതിരേ ഗുരുതര ആരോപണമാണ് സിദ്ധാർഥന്റെ കുടുംബം ഉന്നയിക്കുന്നത്. കുറ്റവാളിയെ ശിക്ഷിക്കാനാണ് പരാതി നൽകേണ്ടത്. അല്ലാതെ മരിച്ചുകഴിഞ്ഞ് കുറ്റവാളിയെ ശിക്ഷിച്ചിട്ട് എന്തിനാണെന്ന് സിദ്ധാർഥന്റെ പിതാവ് ചോദിച്ചു. മരിച്ച ആളിന്റെ പേരിൽ പരാതി കൊടുക്കുന്നത് ലോകത്ത് ആദ്യായിട്ടാണ് കേൾക്കുന്നത്. കൊന്ന് കഴിഞ്ഞ് കൊന്നവർ തന്നെയാണ് പരാതി നൽകുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു.
കേസ് കെട്ടിചമച്ചതാണെന്നും, കൊന്നു തിന്നു കഴിഞ്ഞാലും എസ്.എഫ്.ഐയുടെ വൈരാഗ്യം തീരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഏതറ്റവും പോകാനുള്ള ചെന്നായക്കൂട്ടമാണ് എസ്.എഫ്.ഐയെന്നും പിതാവ് രോക്ഷം കൊണ്ടു.
അതേ സമയം സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയതായാണ് വിവരം.
Discussion about this post