തൃശൂർ: ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. ഷീലക്കെതിരായുള്ള വ്യാജ ലഹരി കേസ് അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ എക്‌സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീല സണ്ണി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
വ്യാജ ലഹരി കേസിൽ 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഷീല സണ്ണി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി കേസിൽ ആരോപണ വിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു സംഭവം. ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അവരുടെ ബാഗിൽ നിന്ന് മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് കണ്ടെത്തിയത്. സംഭവത്തിൽ 72 ദിവസമാണ് ഷീല ജയിലിൽ കിടന്നത്. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.
ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്.
Discussion about this post