തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലറെ സസ്പെന്‍ഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ ഹൈക്കോടതിയെ സമീപിച്ചു.
മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. അവർക്കിതിൽ പങ്കുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു. ഓരോ കോളേജിലെയും എസ്എഫ്‌ഐ പ്രവർത്തകർ ഹോസ്റ്റൽ മുറികൾ അവരുടെ ഹെഡ്ക്വാട്ടേഴ്‌സ് ആക്കി മാറ്റി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം വൈസ് ചാൻസിലർക്ക് എതിരെ മാത്രമല്ല വെറ്ററിനറി സർവകലാശാല ഡീനിനെതിരെയും നടപടി വേണമെന്ന് സിദ്ധാർത്ഥൻ്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഡീനിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. ഉചിതവും ശക്തവുമായ തീരുമാനമാണ് ഗവർണറുടേതെന്നും സിദ്ധാർത്ഥൻ്റെ അച്ഛൻ കൂട്ടിച്ചേർത്തു.
Discussion about this post