വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഴുവൻ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
സിന്‍ജോയെ കല്പറ്റയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ വരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. സിന്‍ജോയ്ക്ക് പുറമേ ജെ.അജയ്, എ.അല്‍ത്താഫ്, ആര്‍.എസ്. കാശിനാഥന്‍, മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് ഇന്ന് പോലീസിന്റെ പിടിയിലായത്.
കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനുപിന്നാലെയാണ് കാശിനാഥന്‍ അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാഗിംഗ് നിരോധ നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.
Discussion about this post