ശ്രീനഗർ : മാർച്ച് 7 ന് കാശ്‌മീരിലെ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തിൽ 7000 സർക്കാർ ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികളിൽ നിയോഗിച്ച് ഭരണകൂടം. പരിപാടിയുടെ വേദി ഷേർ-ഇ-കശ്‌മീർ ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ (എസ്‌കെഐസിസി) നിന്ന് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലേക്ക് മാറ്റി.
റാലിയിൽ പങ്കെടുക്കുന്നവരെ ഉൾക്കൊള്ളാൻ എസ്‌കെഐസിസിക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് വേദി മാറ്റിയത്. സീറ്റിംഗ് കപ്പാസിറ്റിക്ക് പേരുകേട്ട സ്റ്റേഡിയമാണ് ബക്ഷി സ്റ്റേഡിയം. 2019 ഓഗസ്റ്റിൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി കാശ്‌മീർ സന്ദർശിക്കാനെത്തുന്നത്.
ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് 221 നോഡൽ ഓഫീസർമാരെയും ബസുകളും ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.ഉദ്യോസ്ഥരിൽ വലിയൊരു പങ്കും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളവരാണ്. 1825 ജീവനക്കാരാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളത്. 1518 പേർ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുമുണ്ട്.
പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ബക്ഷി സ്റ്റേഡിയത്തിൽ മുപ്പത്തിനായിരത്തിലധികം പേരെ ഉൾക്കൊള്ളിക്കുമെന്നും അധികൃതർ പറഞ്ഞു.
അതിനിടെ, റാലിയിൽ പങ്കെടുക്കുന്നവരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും വെരിഫിക്കേഷൻ നടപടികൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറ് (സിഐഡി) ആരംഭിച്ചു. വെരിഫിക്കേഷൻ നടപടികൾ സാധാരണമാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം പോലുള്ള പരിപാടികളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെയും വിശിഷ്‌ട വ്യക്തികളുടെയും സുരക്ഷയ്ക്കായി ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.
വികസനത്തിനും സമാധാനത്തിനും ഊന്നൽ നൽകികൊണ്ട് കാശ്‌മീരിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സംരംഭങ്ങളും നയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ ലക്ഷ്യം
ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻറെ ഗുണഭലങ്ങളും അതിനുശേഷം മേഖലയിൽ സർക്കാർ കൊണ്ടുവന്ന നേട്ടങ്ങളും എടുത്തു പറയുകയാണ് മോദിയുടെ സന്ദർശനത്തിൻറെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
കാശ്‌മീരിലെ ജീവിത നിലവാരം ഉയർത്താനുള്ള സർക്കാരിൻറെ ശ്രമങ്ങളും അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ സമീപകാല വികസനങ്ങളും മോദി പരാമർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാലിയ്‌ക്കൊപ്പം എസ്‌കെഐസിസിയിലെ കരകൗശല പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശ്രീനഗറിലുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അധിക സേനയെ വിന്യസിക്കുകയും നിരീക്ഷണ നടപടികൾ ശക്തമാക്കുകയും ചെയ്‌തു. വേദിക്ക് ചുറ്റും തത്സമയ നിരീക്ഷണത്തിനായി ഏരിയൽ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. കാൽനടയായും ബോട്ടുകളിലുമായുള്ള പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
Discussion about this post