ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഞ്ച് സംസ്ഥാങ്ങളിൽ തിരക്കിട്ട പരിപാടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ മാർച്ച് 4 മുതൽ 6 വരെ സന്ദർശനം നടത്തും.
ഇതിനിടയിൽ 110,600 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാനയിലെ അദിലാബാദിൽ 56,000 കോടിയിലധികം വരുന്ന നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മാർച്ച് നാലിന് രാവിലെ 10:30ന് പ്രധാനമന്ത്രി നിർവഹിക്കും.
ഇതിന് ശേഷം 3.30 ഓടെ മോദി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഭവിനിയിലേക്ക് പോകും. മാർച്ച് 5 ന് രാവിലെ 11 മണിക്ക് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും.
ഉച്ചകഴിഞ്ഞ് 3:30 ന് ഒഡീഷയിലെ ജാജ്പൂരിലെ ചന്ദിഖോലെയിൽ 19,600 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും.
മാർച്ച് 6 ന് രാവിലെ 10:15 ന് കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ നിരവധി കണക്റ്റിവിറ്റി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും. ഇതിന് ശേഷം ഉച്ചകഴിഞ്ഞ് 3.30 ഓടെ ബിഹാറിലെ ബേട്ടിയയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ 12,800 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.
Discussion about this post