തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളതെന്നും പ്രതിസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രതിസന്ധിയില്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവെച്ചേക്കുവാണെന്ന് ധനമന്ത്രി ആവർത്തിച്ചു. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
രണ്ടു മൂന്നു ദിവസം കൊണ്ട് ശമ്പളം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കും. അതേസമയം എല്ലാ ജീവനക്കാരുടെയും അക്കൗണ്ടില്‍ പണമെത്താതെ സമരം പിന്‍വലിക്കില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
Discussion about this post