കോതമംഗലം: അടിമാലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്.
ഇടുക്കിയിലെ ജനങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിത്. വന്യജീവികളെ കൊണ്ട് ജനങ്ങൾക്ക് ജീവിക്കാനാവാത്ത അവസ്ഥയാണെന്നും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എത്തി പരിഹാരം കാണാതെ ഇൻക്വസ്റ്റ് നടപടികൾക്ക് അനുവദിക്കില്ലെന്നും ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.
അതേ സമയം ഡിവൈഎസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളി ജനപ്രതിനിധികളും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. നേരത്തേ, പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ കോൺഗ്രസ് നേതാക്കൾ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലും സംഘർഷാവസ്ഥയുണ്ടായി.
Discussion about this post