തിരുവനന്തപുരം; താന്‍ അര്‍ബുദബാധിതനായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അര്‍ബുദം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചന്ദ്രയാന്‍ -3 ദൗത്യം നടക്കുന്നത്തിനിടയിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായത്. അപ്പോൾ അത് വ്യക്തമായിരുന്നില്ല. ശേഷം നടത്തിയ സ്കാനിങ്ങില്ലാണ് വയറ്റിൽ കാന്‍സര്‍ ബാധ കണ്ടെത്തിയത്. അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ശേഷം അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചുവെന്നും സോമനാഥ് പറഞ്ഞു.
കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി ഇപ്പോള്‍ പൂര്‍ണമായി രോഗത്തില്‍ നിന്ന് മുക്തി നേടിയതായും അദ്ദേഹം അറിയിച്ചു. എന്റെ ജോലികള്‍ തുടരുകയാണ്. എങ്കിലും പരിശോധനകള്‍ തുടരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post