ആം ആദ്‍മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് കോടതിയുടെ നിർദേശം. കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡൽഹി ഹൈക്കോടതിക്ക് കോടതി സമുച്ചയം നിർമിക്കുന്നതിനായി നൽകിയിട്ടുള്ള സ്ഥലത്താണ് എഎപി ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്നതെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. എഎപിയുടെ ഓഫീസുകൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ (എൽ ആൻഡ് ഡിഒ) സമീപിക്കാൻ നിർദ്ദേശിച്ചു. അനുവദിച്ച ഭൂമി കൈവശം വയ്ക്കുന്നത് തുടരാൻ എഎപിക്ക് നിലവിൽ നിയമപരമായ അവകാശമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് , സ്ഥലം ഒഴിയാൻ ജൂൺ 15 വരെ പാർട്ടിക്ക് സമയം അനുവദിച്ചു. രാജ്യത്തെ ആറ് ദേശീയ പാർട്ടികളിൽ ഒന്നാണ് എഎപിയെന്ന് സിറ്റി ഭരണകക്ഷിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു.
Discussion about this post