പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ രാഷ്ട്രീയ ജനതാദൾ പ്രസിഡൻ്റ് ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ‘മോദി കാ പരിവാർ’ (മോദിയുടെ കുടുംബം) ക്യാമ്പയിൻ ആരംഭിച്ച് ബിജെപി. പാട്നയിൽ നടന്ന സമ്മേളനത്തിൽ നരേന്ദ്രമോദിയ്ക്ക് കുടുംബമില്ലെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ക്യാമ്പെയ്ന്റെ ഭാഗമായി മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, പ്രമുഖ ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ എക്‌സ് അക്കൗണ്ട് പ്രൊഫൈലുകളും ബയോകളും ‘മോദി കാ പരിവാർ’ എന്നാക്കി മാറ്റി.
ആഭ്യന്തര മന്ത്രി അമിത് ഷാ, പിയൂഷ് ഗോയൽ, അനുരാഗ് ഠാക്കൂർ, ജ്യോതിരാദിത്യ സിന്ധ്യ, നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും നേതാക്കളും ഇത്തരത്തിൽ ബയോ മാറ്റിയവരിൽ ഉൾപ്പെടുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയി ആരംഭിച്ച ‘മെയിൻ ഭി ചൗക്കിദാർ’ ക്യാമ്പയിന് സമാനമാണ് പുതിയ ക്യാമ്പയിൻ.
ലാലു പ്രസാദ് യാദവ് പറഞ്ഞത് ഇങ്ങനെ ‘മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും? അദ്ദേഹം രാമക്ഷേത്രത്തെ ക്കുറിച്ച് കൊട്ടിഘോഷിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ ഹിന്ദു പോലും അല്ല. ഹിന്ദു പാരമ്പര്യത്തിൽ, മാതാപിതാക്കളുടെ മരണശേഷം മകൻ തലയും താടിയും വടിക്കണം, അമ്മ മരിച്ചപ്പോൾ മോദി അങ്ങനെ ചെയ്തിട്ടില്ല,” ലാലു പ്രസാദ് യാദവ് പറഞ്ഞു. ഇതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയിരുന്നു.
Discussion about this post