തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ മാതാവിന് സമർപ്പിച്ച സ്വർണ കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ചെമ്പിൽ സ്വർണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമർപ്പിച്ചതെന്ന തരത്തിൽ, തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
‘‘എങ്ങനെയാണോ കിരീടം സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ നേർച്ചയായിരുന്നു’’- സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ അദ്ദേഹം തൃശൂരിലേക്ക് യാത്ര തിരിച്ചു.
ഇതിനിടെ, സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണക്കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇന്നലെ ചേർന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടർന്നാണ് നടപടി.
ഇക്കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. എന്നാൽ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പിൽ സ്വർണം പൂശിയാണ് നിർമ്മിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങിലുൾപ്പടെ വാർത്തകൾ പ്രചരിച്ചു.
ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഇതേത്തുടർന്നാണ് പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരേയും ചേർത്ത് കമ്മിറ്റി രൂപീകരിച്ചത്.
കിരീടത്തിലെ സ്വർണത്തിന്റെ അളവ് കമ്മിറ്റി ശാസ്ത്രീയമായി പരിശോധിക്കും. കീരീടത്തിലെ സ്വർണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെങ്കിൽ വരും കാല ഇടവക പ്രതിനിധികൾ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തിൽ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.
Discussion about this post