തിരുവനന്തപുരം: പേട്ടയിൽ തട്ടികൊണ്ടുപോയ രണ്ടു വയസ്സുകാരിയെ മാതാപിതാക്കൾക്ക് കൈമാറും. കുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം വന്നു. കുട്ടി ബിഹാർ സ്വദേശിയുടേത് തന്നെയെന്നാണ് പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചു. കുട്ടി ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
തട്ടിക്കൊ ണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി ഞായറാഴ്ച്ചയാണ് പൊലീസ് കസ്റ്റഡിയിലായത്. പോക്‌സോ കേസടക്കം എട്ട് കേസുകളിലെ പ്രതിയാണ് ഹസൻ. സ്ഥിരം കുറ്റവാളിയായ ഇയാൾക്ക് പ്രത്യേകം മേൽവിലാസമില്ലെന്നാണ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞത്. ഫെബ്രുവരി 19ന് പുലർച്ചെയാണ് സഹോദരങ്ങൾക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായത്.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയായ ഹസ്സൻകുട്ടിയുടെ മൊഴി. കുട്ടികരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോൾ മരിച്ചുവെന്ന് കരുതി കുട്ടിയെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.
Discussion about this post