ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ശക്തമാക്കി ബിജെപി. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 12 ഇടങ്ങൾ സന്ദർശിക്കാനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത പത്ത് ദിവസം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ പര്യടനം ഇന്ന് മുതൽ ആരംഭിച്ചു. 29ലധികം പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബീഹാർ, ജമ്മുകശ്മീർ, ആസാം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അദ്ദേഹം പ്രചരണത്തിനായി എത്തും. അടുത്ത പത്ത് ദിവസത്തെ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളെക്കുറിച്ച് അറിയാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പത്ത് ദിവസത്തെ പരിപാടികൾ
മാർച്ച് 4: മാർച്ച് നാലിന് അദ്ദേഹം തെലങ്കാനയിൽ എത്തും. ആദിലാബാദിലെ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷം അവിടെ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം തമിഴ്‌നാട്ടിലെ കൽപ്പാക്കത്തേക്ക് യാത്ര തിരിക്കും. ചെന്നൈയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നീട് അദ്ദേഹം ഹൈദരാബാദിലേക്ക് തിരിക്കും.
മാർച്ച് 5: തെലങ്കാനയിലെ സംഗാറെഡ്ഡിയിലെ വിവിധ വികസന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ശേഷം ഒഡീഷയിലേക്ക് യാത്ര തിരിക്കും. തുടർന്ന് ചാന്ദിഖോലെയിലെ വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും. അതിന് ശേഷം നടത്തുന്ന പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം അദ്ദേഹം പശ്ചിമബംഗാളിലേക്ക് തിരിക്കും.
മാർച്ച് 6: പശ്ചിമബംഗാളിലെത്തുന്ന മോദി 15,400 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബർസാതിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് അദ്ദേഹം ബീഹാറിലേക്ക് യാത്ര തിരിക്കും. ബീഹാറിൽ 12,800 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും.
മാർച്ച് 7: പര്യടനത്തിന്റെ നാലാം ദിവസമായ മാർച്ച് 7ന് അദ്ദേഹം ജമ്മു കശ്മീരിലെത്തും. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് യാത്ര തിരിക്കും. ഡൽഹിയിലെ മാധ്യമപരിപാടിയിൽ പങ്കെടുക്കും
മാർച്ച് 8: മാർച്ച് എട്ടിന് പ്രധാനമന്ത്രി ഡൽഹിയിലെത്തും. മുമ്പ് അദ്ദേഹം മൻ കി ബാത്തിൽ പരാമർശിച്ച നാഷണൽ ക്രിയേറ്റർ അവാർഡ് പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്നും ആസാമിലേക്ക് അദ്ദേഹം യാത്ര തിരിക്കും. അവിടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർച്ച് 9: മാർച്ച് 9ന് അദ്ദേഹം അരുണാചൽ പ്രദേശിലെത്തും. സേല ടണൽ ഉദ്ഘാടനം ചെയ്ത ശേഷം തലസ്ഥാനമായ ഇറ്റാനഗറിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പിന്നീട് അദ്ദേഹം ആസാമിലേക്ക് പോകും. ആസാമിലെ ജോർഹത് ജില്ലയിൽ ലച്ചിത് ബർഫുകന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ശേഷം പശ്ചിമബംഗാളിലെത്തുന്ന അദ്ദേഹം സിലിഗുറിയിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
മാർച്ച് 10: മാർച്ച് പത്തിന് ഉത്തർപ്രദേശിലെത്തുന്ന അദ്ദേഹം അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
മാർച്ച് 11: എട്ടാം ദിവസമായ മാർച്ച് പതിനൊന്നിന് തിരികെ ഡൽഹിയിലെത്തും. അവിടെ വെച്ച് നമോ ഡ്രോൺ ദിദി, ലഖ്പത് ദിദി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പിന്നീട് ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന വിഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വൈകുന്നേരം ഡിആർഡിഒയുമായി ബന്ധപ്പെട്ട പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
മാർച്ച് 12: മാർച്ച് 12ന് മോദി ഗുജറാത്തിലെ സബർമതിയിലെത്തും. ശേഷം അവിടെ നിന്ന് നേരെ രാജസ്ഥാനിലേക്ക് പോകും. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ പൊഖ്‌റാൻ സന്ദർശിക്കും.
മാർച്ച് 13: പര്യടനത്തിന്റെ അവസാന ദിവസമായ മാർച്ച് 13ന് അദ്ദേഹം ഗുജറാത്തിലെയും ആസാമിലെയും മൂന്ന് സെമികണ്ടക്ടർ പ്രോജക്ടുകൾക്ക് തറക്കല്ലിടും. വീഡിയോ കോൺഫറൻസിലൂടെയാകും പദ്ധതികൾക്ക് തറക്കല്ലിടുക.
Discussion about this post