ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബലിയാടാക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. സിസ തോമസിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെയും കോടതി വിമർശിച്ചു.
സർക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48-ാം വകുപ്പ് പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാനും നടപടിയെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാൽ ഈ വാദത്തോട് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വിയോജിച്ചു.
സിസ സർക്കാർ ജീവനക്കാരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഗവർണർ-സർക്കാർ തർക്കത്തിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് സുപ്രീംകോടതി അഭിപ്രയപെട്ടത്. കേസിൽ വിശദമായ വാദം കേൾക്കാതെയാണ് സർക്കാരിന്റെ ഹർജി തള്ളിയത്. സിസ തോമസിനെതിരായ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post