പാരീസ് : ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാന്‍സ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്ത്രീകളുടെ അവകാശമെന്ന നിലയില്‍ ഫ്രാന്‍സില്‍ നിന്ന് പുറത്തുവന്ന ഈ വാര്‍ത്ത ആഗോളതലത്തില്‍ സ്വാഗതം ചെയ്യപ്പെട്ടപ്പോഴും, ഗര്‍ഭഛിദ്ര വിരുദ്ധരിൽ നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണെന്നും ആർക്കും അതിൽ അഭിപ്രായം പറയുവാനോ തീരുമാനമെടുക്കാനോ അവകാശമില്ലെന്നാണ് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞത്. സാർവ്വദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിനുപിന്നാലെ പാരിസിലെ ഈഫൽ ടവറിൽ എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യം മുഴക്കികൊണ്ട് ആഘോഷങ്ങൾ ആരംഭിച്ചു.
അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷകൾ എടുത്തുകളയാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസ് മൗലികാവകാശമായി അംഗീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഫ്രാന്‍സിലെ ജനങ്ങളില്‍ 89 ശതമാനം പേരും പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത് എങ്കിലും ഗര്‍ഭച്ഛിദ്രത്തെ എതിർക്കുന്ന ചില സംഘടനകളും നിയമത്തെ രൂക്ഷമായി വിമർശിച്ചു. ഒരു മനുഷ്യജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫ്രഞ്ച് ബിഷപ്പുമാരുടെ ഇക്കാര്യത്തിലുള്ള ആശങ്കകൾ വത്തിക്കാൻ പങ്കുവെക്കുകയും ചെയ്തു.
Discussion about this post