മാലി : ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി മാലെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇൻ്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ രേഖകൾ കൈമാറിയ ചടങ്ങിലാണ് കരാറുകൾ ഔപചാരികമായത്.
കൂടാതെ ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം, ഇത് ചൈന-മാലിദ്വീപ് ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ദൃഢമാക്കും. അതേസമയം, മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന സമ്മാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
കരാറുകളിലൊന്നിലെ വ്യവസ്ഥകൾ അനുസരിച്ച് മാലദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നൽകുമെന്ന് ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധ മന്ത്രാലയം ഇതുവരെ സഹായത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മാലദ്വീപിൽ, ചൈന നൽകുന്ന സൈനിക സഹായത്തെ ചുറ്റിപ്പറ്റിയുള്ള സുതാര്യതയില്ലായ്മയെക്കുറിച്ച് ആശങ്കയുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കുന്നതും ചൈനയോട് അടുക്കുന്നതും മാലിദ്വീപിന് ആപത്തായി മാറുമെന്നാണ് വിമർശനം.
Discussion about this post