മലയാളികൾ ഏറെ ആഗ്രഹിച്ച കൊതിച്ച ഒരു ചിത്രം 100 കോടിയുടെ നിറവിൽ എത്തിയിരിക്കുന്നു. ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. നേരത്തെ ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞത് ഇപ്പോൾ ഔദ്യോഗികമായി ചിത്രത്തിൻറെ നിർമ്മാതാവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗബിൻ ഷാഹിർ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ പങ്കുവെച്ചാണ് വിവരം അറിയിച്ചത്.
മലയാളത്തിൽ നിന്ന് മോഹൻലാൽ നായകനായ ചിത്രം ‘പുലിമുരുകൻ’ ആണ് ആഗോള ബോക്സ് ഓഫീസിൽ ആദ്യമായി 100 കോടി ക്ലബിൽ എത്തിയത്. രണ്ടാമതായി മോഹൻലാലിന്റെ തന്ന ലൂസിഫറും 100 ക്ലബിൽ ഇടംനേടി. മലയാളത്തിൽ നിന്ന് 2018ഉം ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നാലാമനായി മഞ്ഞുമ്മലിലെ പിള്ളേരും.
തമിഴ്‌നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മൽ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകൾ അടക്കം ചിത്രത്തിന് നൽകുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയിൽ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളിൽ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംവിധായകൻ ചിദംബരം തന്നെയാണ് ‘മഞ്ഞുമ്മൽ ബോയ്‌സി’ൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിൻറെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Discussion about this post