ന്യൂഡൽഹി: ഇസ്രായേൽ – ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇസ്രായേലിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനാണ് നിർദേശം നൽകിയിരിക്കുന്നത്.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത് ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പ്രത്യേകിച്ച് വടക്ക് – തെക്ക് അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും സന്ദർശകരായി എത്തിയവരും ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ എംബസി അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി അറിയിച്ചു.

