തിരുവനന്തപുരം: നവകേരളസദസ്സിന്റെ ഭാഗമായ ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനം പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ കേട്ട് തിരിഞ്ഞു നിന്ന് ക്ഷുഭിതനാകുകയായിരുന്നു. അത്തരം കമന്റുകളൊന്നും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെതന്നെ പരിപാടിയില്‍ എല്ലാവരും എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അതിന് എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കുകയും, പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായും നിങ്ങള്‍ക്കെന്റെ സ്‌നേഹാഭിവാദനങ്ങള്‍ എന്നും കൂട്ടിച്ചേര്‍ത്തു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി, മറ്റുള്ളവരുടെ സമയം അപഹരിക്കുന്നില്ലെന്ന് പറഞ്ഞ് പ്രസംഗം ചുരുക്കിയിരുന്നു.
പിന്നാലെ, അവതാരിക ‘നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദി’ എന്നു പറഞ്ഞത് പൂര്‍ത്തിയാക്കും മുമ്പ്, ‘അമ്മാതിരി കമന്റൊന്നും വേണ്ടകെട്ടോ’യെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. നിങ്ങള്‍ ആളെ വിളിക്കുന്നവര്‍, ആളെ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. വെറുതേ വേണ്ടാത്ത കാര്യം പറയുന്നു എന്നു പറഞ്ഞാണ് അദ്ദേഹം വേദിയില്‍ തന്റെ കസേരയിലേക്ക് തിരിച്ചുപോയത്.
നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നുവരുന്ന, മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് അവതാരക നന്ദിയറിയിച്ചത്. ന്യൂനപക്ഷക്ഷേമ വകുപ്പാണ് ‘ഇന്‍സാഫ്’ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. മുസ്ലിം സംഘടനാ പ്രതിനിധികള്‍, മുതവല്ലിമാര്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ്സാ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
Discussion about this post