കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനിരയായ അമലിന്റെ പേരിൽ കേസെടുത്ത് പോലീസ്. എസ്എഫ്ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 21ന് നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് അനുനാഥ് ഇപ്പോൾ പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ അന്ന് നൽകിയ പരാതിയിൽ അമലിന്റെ പേരില്ലായിരുന്നുവെന്നാണ് വിവരം.
റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ അനുനാഥ് പോലീസിനും കോളേജ് അധികൃതർക്കും പരാതി നൽകിയിരുന്നു. മൂന്ന് പേർക്കെതിരെയാണ് അനുനാഥ് അന്ന് പരാതിപ്പെട്ടിരുന്നത്. ശേഷം മാർച്ച് 1-നാണ് അമലിനെ അനുനാഥും മറ്റ് എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദ്ദിക്കുന്നത്. തുടർന്ന് അമൽ പരാതി നൽകുകയും, അനുനാഥ് ഉൾപ്പെടെയുള്ളവരെ കോളേജ് അധികൃതർ പുറത്താക്കുകയും ചെയ്യ്തിരുന്നു. അമലിനെ മർദ്ദിക്കാൻ മുൻപന്തിയിൽ നിന്നയാളാണ് അനുനാഥ്. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ഇപ്പോൾ അനുനാഥ് പരാതി നൽകിയിരിക്കുന്നതെന്ന് അമൽ വ്യക്തമാക്കി.
ഫെബ്രുവരി 21നാണ് അനുനാഥിന് മർദ്ദനമേൽകുന്നത്, എന്തുകൊണ്ടാണ് ആദ്യം നൽകിയ പരാതിയിൽ തന്റെ പേര് കൊടുത്തില്ലെന്നാണ് അമൽ ഉന്നയിക്കുന്ന ചോദ്യം. കേസ് കെട്ടിച്ചമച്ചതാണെന്നും കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അമൽ പറഞ്ഞു. തന്നെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവകർത്തകർക്കെതിരെ ലഘുവായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നും അമൽ കുറ്റപ്പെടുത്തി.
Discussion about this post