ന്യുഡൽഹി: സംസ്ഥാനത്തിനുള്ള കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച് കേന്ദ്രം.13600 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ്, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
15000 കോടി കൂടി വേണ്ടി വരുമെന്നും കേരളം അറിയിച്ചിട്ടുണ്ട്. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചർച്ച നടത്തണമെന്നാണ് കോടതി നിർദ്ദേശം നല്‍കിചിരിക്കുന്നത്. അതേസമയം കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് അധിക വായ്പയ്ക്ക് അനുമതി നല്‍കണമെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് കേരളം കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 26,000 കോടി കടമെടുക്കാന്‍ അനുമതി നല്‍കാന്‍ ഉത്തരവിടണമെന്നായിരുന്നു കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിലാണ് 13,600 കോടി കടമെടുക്കാന്‍ കോടതി അനുമതി നൽകിയത്.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പെൻഷൻ, ക്ഷാമബത്ത, ആനുകൂല്യങ്ങൾ തുടങ്ങിയവ നല്‍കാൻ പണമില്ല. ഓവർഡ്രാഫ്റ്റിൻറെ സാഹചര്യമാണുള്ളതെന്ന് കേരളം അറിയിച്ചു. ശമ്പളം നല്കാനുള്ള പണം മാത്രം കൈയ്യിലുണ്ടെന്നും കേരളം അറിയിച്ചു.
അതേസമയം നേരത്തെ സംസ്ഥാന ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ചാല്‍ കടമെടുക്കാനുള്ള അനുമതി നല്‍കാമെന്ന ഉപാധിയും മുന്നോട്ടുവെച്ചിരുന്നു. ഉപാധി മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. രണ്ടു ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ഈ സാമ്പത്തിക വര്‍ഷം വായ്പ എടുക്കാന്‍ കഴിയില്ല. അതിനാല്‍ 15,000 കോടി കൂടി വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്നു വൈകീട്ടു തന്നെ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post