തിരുവനന്തപുരം: തുടര്‍ച്ചായിയുള്ള വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ നിയോഗിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി-മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും.
നിലവിൽ വന്യജീവി സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികളുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തിൽ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവർ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിർദേശ പ്രകാരമായിരിക്കണം പ്രവർത്തിക്കുക. അടിയന്തര സാഹചര്യങ്ങളിൽ ഈ സമിതി നടപടികൾ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാലും മതിയാകും.
പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനത്തിന് സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ മതിയായ വാർത്താവിനിയമ സങ്കേതങ്ങൾ സജ്ജമാക്കും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുൾപ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങൾ ഉപയോഗിക്കും.
ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടർ, എസ്.പി, ഡി.എഫ്.ഒ, ജില്ലാ മെഡിക്കൽ ഓഫീസർ, എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി- പട്ടികവർഗ്ഗ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി വകുപ്പ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എന്നിവരടങ്ങുന്ന ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കും. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരവും മേൽനോട്ടത്തിലും ആയിരിക്കും നടക്കുക.
Discussion about this post