ന്യൂഡൽഹി: രാഹുൽ ഗാന്ധി പൊതുപ്രസംഗങ്ങളിൽ സൂക്ഷ്മതയും ജാഗ്രതയും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപശകുനമെന്നും പോക്കറ്റടിക്കാരെന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ ദില്ലി ഹൈക്കോടതി ഉത്തരവും അതിന് രാഹുൽ നൽകിയ മറുപടിയും കണക്കിലെടുത്താണ് കമ്മീഷൻ്റെ നടപടി നടപടി.
താരപ്രചാരകർക്കും രാഷ്ട്രീയ നേതാക്കൾക്കും വേണ്ടി അടുത്തിടെ പുറത്തിറക്കിയ ഉപദേശ നിർദ്ദേശങ്ങൾ പിന്തുടരണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന താരപ്രചാരകർക്കും രാഷ്ട്രീയ നേതാക്കൾക്കുമായി മാർച്ച് ഒന്നിന് പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ നോട്ടീസ് ലഭിച്ചവർ മാർഗ്ഗ നിർദ്ദേശങ്ങൾ വീണ്ടും ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും പാർട്ടിയുടെ പ്രചാരകർക്കും സ്ഥാനാർത്ഥികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
നല്ല രീതിയിലുള്ളതല്ല രാഹുൽ ഗാന്ധിയുടെ പരാമർശം എന്ന് വ്യക്തമാക്കിയ കോടതി എട്ടാഴ്ചയ്ക്കകം ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. നേരത്തെ അപശകുനമെന്നും പോക്കറ്റടിക്കാരൻ എന്നുമുള്ള പരാമർശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
Discussion about this post