തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻറെ മകളുമായ പത്മജ വേണുഗോപാൽ ഇന്ന് (മാർച്ച് 7) ബിജെപിയിൽ ചേർന്നേക്കും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിക്കുക. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അവഗണന മൂലം പത്മജ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ഇതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പത്മജ നിഷേധിച്ചിരുന്നു. എന്നാൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം തന്നെ അത് പിൻവലിക്കുകയും ചെയ്‌തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂർ നിന്ന് 2021ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.

