തിരുവനന്തപുരം: റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവയ്ക്കാൻ തീരുമാനം. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നടപടിയെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ നിർദേശത്തെ തുടർന്നാണ് കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് ആരംഭിച്ചത്. ഇ-കെവൈസി (e-KYC) അപ്‌ഡേഷനിൽ നിന്ന് സംസ്ഥാനത്തിന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഈ മാസം 15, 16, 17 തിയതികളിൽ സംസ്ഥാനത്ത് റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തിൽ വച്ച് ഇ-കെവൈസി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാരിൻറെ നിർദേശ പ്രകാരം ഇ-കെവൈസി അപ്‌ഡേഷന് ആവശ്യമായ പരിശിലനം ഫെബ്രുവരി 16, 17 തീയതികളിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഐടി ഉദ്യോഗസ്ഥർക്കും മറ്റ് ബന്ധപ്പെട്ടവർക്കും നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥർ പിന്നീട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകി. ഇതിനുശേഷമാണ് റേഷൻ കടകളിലെ ഇ-പോസ് മെഷീനിലൂടെ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷൻ ആരംഭിച്ചത്.
മാർച്ച് അഞ്ചു വരെയുള്ള കണക്ക് പ്രകാരം.13,92,423 പേരുടെ ഇ-കെവൈസി അപ്‌ഡേഷൻ പൂർത്തീകരിച്ചു. എന്നാൽ ഒരേ സമയം ഇ-കെവൈസി അപ്‌ഡേഷനും റേഷൻ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും തടസ്സം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഒരു ദിവസം നീട്ടി നൽകിയത്. ഫെബ്രുവരി മാസത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണതോത് 84 ശതമാനമായിരുന്നു. സാധാരണ മാസങ്ങളിലെ ശരാശരി റേഷൻ വിതരണ തോത് 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
മാർച്ച് മാസത്തിലും ഇ-കെവൈസി അപ്‌ഡേഷനും റേഷൻ വിതരണവും ഒരുമിച്ച് നടത്തേണ്ടി വന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവുണ്ടായി. തുടർന്ന് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന തരത്തിൽ പ്രവർത്തനം ക്രമീകരിച്ചു. ഇതിനുശേഷവും സാങ്കേതിക തടസ്സം പൂർണ്ണമായും മാറാത്ത സാഹചര്യത്തിലാണ് എൻഐസി, ഐടി മിഷൻ, ബിഎസ്എൻഎൽ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം കഴിഞ്ഞ ദിവസം നടത്തിയത്. ഈ യോഗത്തിൻറെ തീരുമാന പ്രകാരമാണ്. മാർച്ച് 10 വരെ ഇ-കെവൈസി അപ്‌ഡേഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Discussion about this post