കൊച്ചി: അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥനാണ് മരിച്ചത്. കടവന്ത്ര എളംകുളത്ത് വച്ചാണ് അപകടമുണ്ടായത്.
മാർച്ച് 15ന് നിധിന്റെ പിറന്നാളാണ്. ബൈക്ക് വാങ്ങണം എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. പിറന്നാൾ ദിനത്തിൽ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചാണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമിൽ എത്തിയത്. പിറന്നാൾ സമ്മാനമായി പുതിയ ബൈക്ക് വാങ്ങാനാണ് അമ്മയും നിധിനും കൂടി ബൈക്ക് ഷോറൂമിൽ എത്തിയത്. തുടർന്ന് അമ്മയെ ഷോറൂമില്‍ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചായിരുന്നു അപകടം.
അഞ്ചു മിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, സഹോദരി: നിഖിന.
Discussion about this post